നാദാപുരം : സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമങ്ങൾക്കും വിചാരണയ്ക്കുമായി നാദാപുരത്ത് സ്ഥാപിച്ച ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയിൽ ഒരുവർഷമായി സ്ഥിരം ജഡ്‌ജിയില്ല. അത്തോളി, ബാലുശ്ശേരി, കൂരാച്ചുണ്ട്, പേരാമ്പ്ര, പെരുവണ്ണാമുഴി, മേപ്പയ്യൂർ, കുറ്റ്യാടി, തൊട്ടിൽപ്പാലം, നാദാപുരം, വളയം, എടച്ചേരി, ചോമ്പാല, വടകര എന്നീ 13 പോലീസ് സ്റ്റേഷൻ പരിധികളിലെ പോക്സോ കേസുകളിലെ വിചാരണയാണ് വൈകുന്നത്. ഈ സ്റ്റേഷൻ പരിധിയിലെ 150-ഓളം കേസുകൾ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്. രണ്ടരവർഷംമുൻപാണ് സംസ്ഥാനത്ത് 55 അതിവേഗ കോടതികൾ സ്ഥാപിച്ചത്. ജില്ലയിൽ അനുവദിച്ച ഏക അതിവേഗ പോക്സോ കോടതിയാണ് നാദാപുരത്തേത്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് ഇതോടൊപ്പം പോക്സോ കോടതികൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ (പോക്സോ കേസുകൾ) അതിവേഗം തീർപ്പാക്കുന്നതിനുവേണ്ടിയാണ് കോടതികൾ സ്ഥാപിച്ചത്. പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്താൽ എത്രയുംവേഗം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണം. ഇത്തരത്തിൽ സമർപ്പിച്ച കേസുകളുടെ വിചാരണയാണ് മുടങ്ങുന്നത്. പോലീസ് അതിവേഗം കുറ്റപത്രം സമർപ്പിച്ചാൽപോലും ഇരകൾക്ക് നീതിലഭിക്കുന്നില്ല. പോക്സോ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളുടെ കേസുകൾ വേഗം തീർപ്പാക്കാത്തതുമൂലം ജയിലിൽ കഴിയേണ്ട അവസ്ഥയാണ്. ആഴ്ചയിൽ ഒരുദിവസംമാത്രമാണ് ചാർജുള്ള ജഡ്‌ജി ഇപ്പോൾ സിറ്റിങ് നടത്തുന്നത്. ഒരുവർഷമായി സ്ഥിരം ജഡ്ജിയില്ല. കഴിഞ്ഞവർഷം മേയിൽ ജഡ്ജിയെ നിയമിച്ചെങ്കിലും അഞ്ചുദിവസത്തിനകം വടകരയിലേക്ക് സ്ഥലംമാറ്റി നിയമിക്കുകയായിരുന്നു. അതിനുശേഷം സ്ഥിരം ജഡ്‌ജി നിയമനം നടന്നിട്ടില്ല.
Tags:
Latest